HOME SUBSCRIPTION PHOTO GALLERY VIDEOS MUSIC DOWNLOADS SAVE THIS FONT IN THIS WAY --- C -> WINDOWS ->FONTS -> Save



Latest News
 
  More News in this Section
 
 
 


നളിനി ജമീലയുടെ ആത്മകഥ സാഹിത്യമല്ല!


തുറന്നെഴുതിയാല്‍ സാഹിത്യമാകുമെന്ന് പലര്‍ക്കും അബദ്ധധാരണയുണ്ടെന്നും എല്ലാം തുറന്നെഴുതിയിട്ടുള്ള ലൈംഗികത്തൊഴിലാളിയായ നളിനി ജമീലയുടെ ആത്മകഥ സാഹിത്യകൃതിയായി അംഗീകരിക്കാന്‍ പറ്റില്ലെന്നും പ്രശസ്ത നിരൂപക ഡോക്‌ടര്‍ എം ലീലാവതി തൃശൂരില്‍ അഭിപ്രായപ്പെട്ടു. സാഹിത്യ അക്കാദമി സംഘടിപ്പിച്ച വനിത എഴുത്തുകാരുടെ സംഗമം പെണ്‍മലയാളം ഉദ്ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു ലീലാവതി ടീച്ചര്‍.

“മാധവിക്കുട്ടി അതിമനോഹരമായ കഥകള്‍ നേരത്തെ എഴുതിയിരുന്നെങ്കിലും എന്റെ കഥ എഴുതിയതോടുകൂടിയാണ്‌ ശ്രദ്ധിക്കപ്പെട്ടത്‌. അതില്‍ ഞാനെന്ന കഥാപാത്രമുള്ളത്‌ എഴുത്തുകാരിയുടെ തുറന്നുപറച്ചിലാണെന്ന്‌ കണ്ട്‌ ആസ്വാദകര്‍ വായിക്കുകയായിരുന്നു. എന്നാല്‍ പിന്നീട്‌ ഇവയൊക്കെ തന്റെ ഭാവന മാത്രമായിരുന്നുവെന്ന്‌ മാധവിക്കുട്ടി പറഞ്ഞിട്ടുണ്ട്‌. ഈ തുറന്നുപറച്ചലിലെ സത്യസന്ധത ആരും കണക്കിലെടുത്തിട്ടില്ല. തുറന്നുപറഞ്ഞതുകൊണ്ടുമാത്രം ഒരു കൃതി സാഹിത്യകൃതിയാകുന്നില്ല. നളിനി ജമീലയുടെ ആത്മകഥ സാഹിത്യകൃതിയുടെ ഗണത്തില്‍പെടുത്താന്‍ പറ്റുന്ന ഒന്നല്ല. പണ്ടൊക്കെ ഉന്നതശ്രേണിയിലുള്ളവര്‍ മാത്രമാണെഴുതിയിരുന്നത്‌. എന്നാല്‍ ഇന്ന്‌ എല്ലാ വിഭാഗങ്ങളും സാഹിത്യ സൃഷ്ടികള്‍ നടത്തുന്നുണ്ട്‌. ”

“പുരുഷന്മാരുടെ എഴുത്തുകളോട്‌ കിടപിടിക്കുന്ന രചനകള്‍ വനിതാ എഴുത്തുകാരില്‍നിന്നുണ്ടായിട്ടും അവഗണിക്കപ്പെടുന്ന സ്ഥിതിയാണ്‌ ഇന്നുള്ളത്. ഖസാക്കിന്റെ ഇതിഹാസത്തിന്‌ ഒട്ടും താഴെയല്ല സാറാജോസഫിന്റെ അലാഹയുടെ മക്കള്‍ എന്ന കൃതി. എന്നാല്‍ ഒരേ പ്രാധാന്യം രണ്ടിനും കിട്ടിയില്ല. സെന്‍സേഷണലായി എഴുതിയാലേ സ്ത്രീകള്‍ ശ്രദ്ധിക്കപ്പെടുകയുള്ളു എന്ന സ്ഥിതിയാണ്‌ ഇന്നുള്ളത്‌.”

“വര്‍ക്ക് ഷോപ്പുകളിലൂടെ എഴുത്തുകാരെ സൃഷ്ടിക്കാന്‍ സാധ്യമല്ല. എന്നാല്‍ സഹജവാസനയുള്ളവരുടെ സര്‍ഗ്ഗശേഷിയെ മിനുക്കിയെടുക്കാന്‍ ഇത്തരം ക്യാമ്പുകള്‍ക്കും വര്‍ക്ഷോപ്പുകള്‍ക്കും കഴിയും” - ലീലാവതി ടീച്ചര്‍ പറഞ്ഞു.

പുരുഷന്മാരെ നിരാകരിച്ച്‌ ഒരെഴുത്ത്‌ സാധ്യമല്ലെന്ന്‌ സാഹിത്യ അക്കാദമി പ്രസിഡണ്ട്‌ പി വത്സല തന്റെ അദ്ധ്യക്ഷ പ്രസംഗത്തില്‍ പറഞ്ഞു. സ്വത്വം നിലനിര്‍ത്തി എഴുത്തിന്‌ തയ്യാറാവണമെന്നും കുടുംബം പാലിച്ച്‌ എഴുത്തും ഒപ്പം കൊണ്ടുപോവുകയാണ്‌ വേണ്ടതെന്നും അവര്‍ അഭിപ്രായപ്പെട്ടു.

പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്നവരുടെ പ്രശ്നങ്ങളും കുട്ടികളുടേയും സ്ത്രീകളുടേയും പ്രശ്നങ്ങളും സമൂഹമദ്ധ്യത്തില്‍ കൊണ്ടുവരാന്‍ ഇന്ന്‌ ഏറ്റവും സ്വാതന്ത്ര്യമുള്ളത്‌ സാഹിത്യകാരികള്‍ക്കാണെന്ന്‌ എഴുത്തുകാരിയായ ലീലാമേനോന്‍ സമാപനസമ്മേളനം ഉദ്ഘാടനം ചെയ്ത്‌ പറഞ്ഞു. കേരളത്തിലെ മിക്കവാറും ജോലികള്‍ക്കെല്ലാം ലിംഗവ്യത്യാസങ്ങളുണ്ട്‌. സ്ത്രീകള്‍ പൈങ്കിളി സാഹിത്യവും പൈങ്കിളി സീരിയലുകളും കണ്ട്‌ പൈങ്കിളിവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്‌. പൈങ്കിളി സാഹിത്യം മോശമാണെന്നല്ല മറിച്ച്‌ കേരളത്തില്‍ സാക്ഷരതയുണ്ടാകുവാന്‍ പൈങ്കിളി സാഹിത്യം കാരണമായതായും അവര്‍ പറഞ്ഞു.

ഗൗരവമേറിയ വായനയും ഗൗരവമേറിയ വിഷയങ്ങളിലുള്ള ചിന്തകളും ചര്‍ച്ചകളും സ്ത്രീകളുടെ ഭാഗത്തുനിന്നുണ്ടാകണം. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ ഇന്ന്‌ സ്വാതന്ത്ര്യം നഷ്ടപ്പെട്ടിരിക്കുകയാണ്‌ എന്നാല്‍ സാഹിത്യത്തില്‍ വിലക്കില്ല. സ്ത്രീകള്‍ രണ്ടാതരം പൗരന്മാരാണെന്ന ധാരണയുണ്ടാകരുതെന്നും ലീലാമേനോന്‍ പറഞ്ഞു.

സമാപനസമ്മേളനത്തില്‍ വൈശാഖന്‍ അദ്ധ്യക്ഷത വഹിച്ചു. അശോകന്‍ ചരുവില്‍, പുരുഷന്‍ കടലുണ്ടി, കെ.ബി.ശ്രീദേവി, ബി.എം.സുഹ്‌റ, ചന്ദ്രമതി, ഗ്രെയ്സി, ഇ.പി.രാജഗോപാലന്‍, സുജസൂസന്‍ ജോര്‍ജ്ജ്‌, ഡോ.പി.എസ്‌.ശ്രീകല, ലളിത ലെനിന്‍, രേവതി നിലയംകോട്‌, ഡോ.കെ.പി.സുധീര, ഖദീജ മുംതാസ്‌, ഇന്ദുമേനോന്‍, സിസ്റ്റര്‍ ജെസ്മി, കെ.വി.ജയശ്രീ തിരുവണ്ണാമലൈ, ഷൈലജ തിരുവണ്ണാമലൈ, ഡോ.ലേഖ നരേന്ദ്രന്‍, എ.കൃഷ്ണകുമാരി എന്നിവര്‍ ചര്‍ച്ചകളിലും സംവാദത്തിലും പങ്കെടുത്തു.
 

BloodHelpers.com :: Search For Blood Donors
About Us | Advertise with Us | Careers | Terms of Use | Privacy Policy | Feedback | Sitemap
Copyright © 2010 UGIT. All rights reserved.
This site is best viewed with Internet Explorer 6.0 minimum screen resolution of 1024x768